Kerala
കൊച്ചി: സംസ്ഥാനത്ത് ഓരോ വർഷവും കാണാതാകുന്നവരുടെ കണക്ക് പെരുകുന്നു. പോലീസിന്റെ കണക്കനുസരിച്ച് ഈ വര്ഷം മേയ് വരെ 4,352 പേരെയാണു കാണാതായത്.
കഴിഞ്ഞ വര്ഷം ഇത് 11,139 ആയിരുന്നു. 2020ന് ശേഷം കാണാതാകുന്നവരുടെ എണ്ണത്തില് പ്രതിവര്ഷം ശരാശരി ആയിരത്തിലധികം പേരുടെ വര്ധനയാണ് ഉണ്ടായത്.
പല കാരണങ്ങളാല് പോലീസില് റിപ്പോര്ട്ട് ചെയ്യപ്പെടാതെ പോയ കേസുകളും ഇവയ്ക്കു പുറമേ നിലനില്ക്കുന്നു. കാണാതായവരില് ഭൂരിഭാഗം പേരെയും തിരിച്ചു കിട്ടിയതായി പോലീസ് രേഖകളില്ല.
കുട്ടികള് തുടങ്ങി വയോധികര് വരെ ഉള്പ്പെടുന്നതാണ് കാണാതായവരുടെ പട്ടിക. വീടുകളിലെ നിസാരവഴക്ക് മുതല് യാതൊരു കാരണമില്ലാതെ വീടുവിട്ട് ഇറങ്ങിയവരും തട്ടിക്കൊണ്ടുപോകല്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കുമുള്ള യാത്രയില് കാണാതായവരുമൊക്കെ ഈ കൂട്ടത്തില് ഉള്പ്പെടും.
പ്രണയത്തിന്റെ ചൂരില് നാടും വീടും ഉപേക്ഷിച്ച് പോകുന്നവരും ഉണ്ട് കൂട്ടത്തില്. സമൂഹ മാധ്യമങ്ങള്ക്ക് ഇത്തരം തിരോധാനങ്ങളില് വലിയ പങ്കുണ്ടെന്നാണ് പോലീസിന്റെയടക്കം വിലയിരുത്തല്.
ആറര വര്ഷം 68,862 പേര്
കഴിഞ്ഞ ആറര വര്ഷത്തിനിടെ സംസ്ഥാനത്ത് കാണാതായവരുടെ എണ്ണം 68,862. 2020ല് 8,742 പേരെ കാണാതായതായി റിപ്പോര്ട്ട് ചെയ്തപ്പോള് 2021ല് ഇത് 9,713 ആയി ഉയര്ന്നു. 2022ല് 11,259, 2023ല് 11,760, 2024ല് 11,897, 2025ല് 11,139, ഈ വര്ഷം മേയ് വരെ 4,352 എന്നിങ്ങനെയാണ് കണക്ക്.
ദുരൂഹതയുണ്ടെന്ന് ആരോപണം
കാണാതാകുന്നവരുടെ എണ്ണം വര്ധിക്കുന്നതില് ഏതാനും ചില മനുഷ്യാവകാശ പ്രവര്ത്തകരും സംഘടനകളും ഇതില് ദുരൂഹത ആരോപിക്കുന്നു. അവയവക്കച്ചവടത്തിന്റെ മറവില് നടക്കുന്ന മനുഷ്യക്കടത്താണു തിരോധാനങ്ങള്ക്കു പിന്നിലെന്നാണ് ഇവരുടെ ആരോപണം.
കാണാതാകുന്നവരില് ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വീടുകളില് നിന്നുളളവരാണെന്നും ഇത് ചൂഷണം ചെയ്താണ് മനുഷ്യക്കടത്തിന് പിന്നില് പ്രവര്ത്തിക്കുന്ന സംഘത്തിന്റെ പ്രവര്ത്തനമെന്നുമാണ് ആരോപണം.
Business
വാഷിംഗ്ടൺ ഡിസി: പ്രമുഖ അമേരിക്കൻ വിമാനക്കന്പനിയായ സ്പിരിറ്റ് എയര്ലൈന്സ് പ്രവര്ത്തനം നിർത്തുന്നു. 34 വര്ഷത്തെ പ്രവര്ത്തനത്തിനുശേഷമാണ് പ്രവര്ത്തനം അവസാനിപ്പിക്കുന്നതായി കന്പനി പ്രഖ്യാപിച്ചത്.
എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി കന്പനി അറിയിച്ചു. കമ്പനി അടച്ചുപൂട്ടുന്നത് ഏകദേശം 17,000 തൊഴിലാളികളെ ബാധിക്കുമെന്ന് സ്പിരിറ്റ് എയർലൈൻസ് അറിയിച്ചു.
ഇന്ധനവില വര്ധനവും ബിസിനസ് രംഗത്തെ മറ്റു പ്രതിസന്ധികളുമാണ് കന്പനി പൂട്ടാൻ നിർബന്ധിതരാക്കിയതെന്ന് സ്പിരിറ്റ് എയർലൈൻസ് അറിയിച്ചു. സാമ്പത്തിക ഭദ്രത തകർന്നുതുടങ്ങിയ പശ്ചാത്തലത്തിൽ ഇനിയും മുന്നോട്ടു പോയാൽ താങ്ങാനാകാത്ത വിധം നഷ്ടമുണ്ടാകുമെന്ന വിലയിരുത്തലിലാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് സ്പിരിറ്റ് എയര്ലൈന്സ് വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് വിമാന ഇന്ധനവില ഇരട്ടിയായതാണ് കമ്പനിയുടെ തകര്ച്ചയ്ക്കു പ്രധാന കാരണം. ഇന്ധനവില ഗാലന് 2.24 ഡോളറിൽ കൂടില്ലെന്ന കണക്കുകൂട്ടലിലായിരുന്നു കന്പനിയെന്നും എന്നാല്, യുദ്ധം തുടങ്ങിയതോടെ ഇന്ധനവില 4.51 ഡോളറായി ഉയര്ന്നത് കമ്പനിയുടെ സാമ്പത്തിക അടിത്തറ തകർത്തതായും കന്പനി മാർച്ച് മാസത്തിൽത്തന്നെ അറിയിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കാന് യുഎസ് സര്ക്കാര് സാമ്പത്തികസഹായ പദ്ധതി മുന്നോട്ടുവച്ചെങ്കിലും കമ്പനി അടച്ചുപൂട്ടലിലേക്ക് നീങ്ങുകയായിരുന്നു.
സ്പിരിറ്റ് എയര്ലൈന്സ് പ്രവർത്തനം നിർത്തിയതോടെ ഫ്രോണ്ടിയര്, ജെറ്റ് ബ്ലൂ, സൗത്ത് വെസ്റ്റ്, യുണൈറ്റഡ്, അമേരിക്കന് എയര്ലൈന്സ് തുടങ്ങിയ കന്പനികൾ സ്പിരിറ്റ് എയർലൈൻസിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ചു.
“കഴിഞ്ഞ 34 വര്ഷമായി അള്ട്രാ ലോ-കോസ്റ്റ് മാതൃക വ്യവസായമേഖലയില് ഉണ്ടാക്കിയ സ്വാധീനത്തില് അഭിമാനിക്കുന്നു. വരും വര്ഷങ്ങളിലും അതിഥികളെ സേവിക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, വിധി മറ്റൊന്നാണ്’’- കന്പനി പ്രസ്താവനയിൽ പറഞ്ഞു.
നികുതിപ്പണം ഉപയോഗിച്ചുള്ള ഏറ്റെടുക്കലിനായി ട്രംപ് ഒരു അന്തിമ നിര്ദേശം നല്കിയിരുന്നു. എന്നാല് ഇതുസംബന്ധിച്ച കരാറില് എത്താന് കഴിയാതിരുന്നതോടെ കന്പനിയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലാകുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണു കന്പനിയെ സംരക്ഷിക്കാൻ പദ്ധതിയുമായി ട്രംപ് രംഗത്തെത്തിയത്.
500 മില്യണ് ഡോളറിന്റെ പദ്ധതിക്കെതിരേ വലിയതോതിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. റിപ്പബ്ലിക്കന് പാര്ട്ടിയിലെതന്നെ ഒരു വിഭാഗം ഈ നീക്കത്തെ എതിർത്തു രംഗത്തുവന്നതോടെ ട്രംപ് പ്രതിരോധത്തിലായി. സാന്പത്തിക ഉപദേശകരും കന്പനി സംരക്ഷണ പാക്കേജിനെ വിമർശിച്ചിരുന്നു. ഇതാണു കരാറിലെത്താൻ സാധിക്കാതെപോയതിനു പിന്നിലെ പ്രധാന കാരണം.
കോവിഡിനുശേഷം കന്പനി നഷ്ടത്തിലായിരുന്നു. അന്നുമുതൽ കടബാധ്യത പൂർണമായി പരിഹരിക്കാൻ കന്പനിക്കായില്ല. 2024 നവംബറില് കന്പനി ഏതാണ്ട് പാപ്പരായി. അന്ന് പാപ്പരത്ത സംരക്ഷണം ആവശ്യപ്പെടുന്പോൾ ഏകദേശം 2.5 ബില്യണ് ഡോളറിലധികം നഷ്ടമുണ്ടായിരുന്നു.
2025 ഓഗസ്റ്റില് സ്പിരിറ്റ് വീണ്ടും പാപ്പരത്ത സംരക്ഷണം തേടി. അന്ന് 8.1 ബില്യണ് ഡോളര് കടവും 8.6 ബില്യണ് ഡോളര് ആസ്തിയും ഉള്ളതായാണു കമ്പനി അറിയിച്ചത്.
കടും മഞ്ഞ നിറത്തിലുള്ള സ്പിരിറ്റിന്റെ വിമാനങ്ങള് യുഎസ്, കരീബിയന്, ലാറ്റിന് അമേരിക്ക എന്നിവിടങ്ങളില് വളരെ കുറഞ്ഞ നിരക്കില് യാത്രാസൗകര്യമൊരുക്കുന്ന അള്ട്രാ-ലോ-കോസ്റ്റ് എയര്ലൈന്സ് ആയിരുന്നു. അധിക സൗകര്യങ്ങള്ക്കു മാത്രം പണം നല്കുന്ന ‘ബെയര് ഫെയര്’ രീതിയിലായിരുന്നു സ്പിരിറ്റ് എയര്ലൈന്സിന്റെ പ്രവര്ത്തനം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പാലക്കാട് ഉൾപ്പടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പകൽ 11 മുതൽ മൂന്ന് വരെ നേരിട്ട് വെയിൽലേൽക്കുന്നത് പരമാവധി ഒഴിവാക്കണം. അത്യുഷ്ണം അപ്രതീക്ഷിതമായ പല ദുരന്തങ്ങളിലേക്കും നയിക്കുമെന്ന് സൂചിപ്പിക്കുന്ന സംഭവമാണ് തൃശൂർ കോടാലിയിലുണ്ടായത്. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Kerala
കട്ടപ്പന: ഹൈറേഞ്ച് വറുതിയിലേക്ക്. അന്തരീക്ഷ ഊഷ്മാവ് ശരാശരിയും കടന്ന് ഉച്ചസ്ഥായിലേക്കു നീങ്ങുകയാണ്. ഇന്നലെ വണ്ടന്മേട് മേഖലയിൽ ചൂട് 32 ഡിഗ്രി സെൽഷസിലെത്തി. ദിവസവും ചൂട് വർധിക്കുന്നതോടെ ഏലം കൃഷി നാശത്തിന്റെ വക്കിലാണ്.
ഏലം പരമാവധി 30 ഡിഗ്രി സെൽഷസ് വരെ നിലനിൽക്കുമെന്നാണ് നിലവിലെ കണക്ക്. അതിനു മുകളിലേക്കു ചൂട് വർധിച്ചാൽ ഏലച്ചെടി ഉണങ്ങി നശിക്കും. രണ്ടു വർഷം മുന്പ് ഏലം മേഖലയിൽ ചൂട് 36 ഡിഗ്രിവരെ എത്തിയിരുന്നു.
അന്ന് ഏലച്ചെടികൾ വ്യാപകമായി ഉണങ്ങി നശിച്ചു. ഇത്തവണയും മണ്സൂണ് വൈകുമെന്നാണ് കാലാവസ്ഥാ പ്രവചനമുള്ളത്. മഴ വൈകുകകൂടി ചെയ്താൽ ഏലം കൃഷി പിടിച്ചുനിൽക്കില്ല. ഹൈറേഞ്ചിലെ ഏറ്റവും പ്രധാന കാർഷികവിള ഏലമാണ്. ഇതിനുണ്ടാകുന്ന പ്രതിസന്ധി ഹൈറേഞ്ചിന്റെ സാന്പത്തിക മേഖലയെ തകിടംമറിക്കും.
ഇപ്പോൾ കൃഷി 60,000 ഹെക്ടർവരെ വ്യാപിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ചെറുകിട മേഖലയിലാണ് കൃഷിവ്യാപനം ഉണ്ടായിട്ടുള്ളത്.ചൂട് വർധിക്കുന്നത് ചെറുകിട മേഖലയെയാണ് പ്രധാനമായും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളത്. തോട്ടം മേഖലയിലെ മണ്ണും തണലും കൃഷിയെ ഒരു പരിധിവരെ സംരക്ഷിച്ചു നിർത്താൻ ഉപയുക്തമാണെങ്കിലും ചെറുകിട മേഖലയിൽ ഇത് അത്ര പര്യാപ്തമല്ല.
മൂന്നു വർഷമായി ഏലത്തിനു സാമാന്യം ഭേദപ്പെട്ട വില ലഭിക്കുന്നുണ്ട്. ഇന്നലെ ഏലം കിലോക്ക് 4,000 രൂപ ഉയർന്ന വിലയും 2,700 രൂപ ശരാശരി വിലയും ലഭിച്ചു. വേനൽ കൂടിയാൽ വില ഇനിയും വർധിക്കാനാണ് സാധ്യത. എന്നിരുന്നാലും കായ് പിടിച്ചുവയ്ക്കുന്നത് ഗുണകരമാകില്ലെന്നും പറയുന്നുണ്ട്.
ഏലം ഉത്പാദനത്തിന്റെ ചെലവും ക്രമാതീതമായി വർധിപ്പിച്ചിട്ടുണ്ട്.
ഒരുകിലോ ഏലം ഉദ്പാദിപ്പിക്കാൻ 700 മുതൽ 1000 രൂപവരെ ചെലവുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇത് 1,200നു മുകളിലായിട്ടുണ്ട്. വളം, കീടനാശിനികളുടെ വിലവർധനവും തൊഴിലാളികളുടെ വേതന വർധനവും തൊഴിലാളികളുടെ തൊഴിൽസമയത്തെ കുറവുമാണ് ചെലവു വർധിപ്പിക്കുന്നത്. ഏലത്തിനു വില ഇടിഞ്ഞാലും ചെലവു കുറയാനുള്ള സാധ്യത തീരെ ഇല്ല.
വേനൽ മൂലമുണ്ടാകുന്ന ഉത്പാദന കുറവുംകൂടി ആയാൽ പ്രതിസന്ധി രൂക്ഷമാകും. ഇന്നത്തെ നിലയിൽ വേനൽ 15 ദിവസത്തിൽ കൂടുതൽ നിലനിന്നാൽ പ്രതിസന്ധി രൂക്ഷമാകും. ഓഗസ്റ്റിൽ ആരംഭിക്കേണ്ട വിളവെടുപ്പു സീസണ് മഴ മാറിനിന്നാൽ വൈകും. ജൂണിൽ മഴ ലഭിച്ചാൽ മാത്രമേ ഓഗസ്റ്റിൽ വിളവെടുപ്പ് ആരംഭിക്കാനാകൂ.
International
ഷിക്കാഗോ: പശ്ചിമേഷ്യയിലെ സംഘർഷം അനുദിനം രൂക്ഷമാകവേ എണ്ണവിലയിൽ വൻ വർധന. എണ്ണവില ഇന്നലെ ഒരു ഘട്ടത്തിൽ ബാരലിന് 119.50 ഡോളർ വരെ ഉയർന്നശേഷം 110 ഡോളറായി.
2022നുശേഷം ആദ്യമായാണ് എണ്ണവില ഇത്രയധികം ഉയരുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശമാണ് അന്ന് വിലവർധനയ്ക്കു കാരണമായത്. അതിനുശേഷം ആദ്യമായാണ് എണ്ണവില 100 ഡോളർ കടക്കുന്നത്.
കഴിഞ്ഞയാഴ്ച 25 ശതമാനത്തോളം ഉയർന്ന എണ്ണവില ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോൾതന്നെ വീണ്ടും കുതിച്ചുയർന്നു. ഇതോടെ ഏഷ്യൻ ഓഹരിവിപണിയിൽ ഇടിവുണ്ടായി. ഇന്ത്യൻ ഓഹരിവിപണിയിലും ഇടിവുണ്ടായി. സെൻസെക്സ് 1352 പോയിന്റും നിഫ്റ്റി 422 പോയിന്റും ഇടിഞ്ഞു.
പശ്ചിമേഷ്യൻ യുദ്ധം രണ്ടാം വാരത്തിലേക്കു കടന്നതിനു പിന്നാലെയാണ് എണ്ണവില ഉയർന്നത്. ഇറാന്റെ ആക്രമണത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ എണ്ണവിതരണം നിർത്തിയിരിക്കുകയാണ്. ബഹ്റൈനിലെ റിഫൈനറിക്കു നേർക്ക് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. ടെഹ്റാനിലെ എണ്ണഡിപ്പോകളിലേക്ക് ഇസ്രയേലും ആക്രമണം നടത്തി.
വിപണിസമ്മർദം കുറയ്ക്കാൻ ജി-7 രാജ്യങ്ങൾ കരുതൽ ശേഖരത്തിൽനിന്ന് എണ്ണ നല്കാൻ തീരുമാനമെടുത്തേക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇന്നലെ ജി-7 രാജ്യങ്ങളിലെ ധനമന്ത്രിമാർ വീഡിയോ കോൺഫറൻസിലൂടെ യോഗം ചേർന്നെങ്കിലും തീരുമാനമുണ്ടായില്ല. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതു മൂലം എണ്ണവിപണിയിൽ അനിശ്ചിതത്വമാണ്.
ആഗോള എണ്ണവിതരണത്തിന്റെ 20 ശതമാനം കടന്നുപോകുന്നത് ഇതിലൂടെയായിരുന്നു. ഇറാന്റെ മിസൈൽ ആക്രമണഭീഷണിയെത്തുടർന്ന് സൗദി അറേബ്യ, കുവൈറ്റ്, ഇറാക്ക്, ഖത്തർ, ബഹ്റൈൻ, യുഎഇ എന്നീ രാജ്യങ്ങൾ ഹോർമുസിലൂടെ കപ്പൽ കൊണ്ടുപോകുന്നില്ല.
ഇറാക്കും കുവൈറ്റും യുഎഇയും ഉത്പാദനം കുറച്ചു. സംഭരണകേന്ദ്രങ്ങൾ നിറഞ്ഞതിനാൽ മിക്ക രാജ്യങ്ങളും ഉത്പാദനം മന്ദഗതിയിലാക്കി. ഇറാൻ ദിവസവും 16 ലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്തിരുന്നു. ഇതിൽ ഭൂരിഭാഗവും ചൈനയിലേക്കാണ്. സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്നാണ് ചൈനയുടെ ആവശ്യം. എണ്ണവില വർധന മറ്റു വ്യവസായങ്ങളെയും സാരമായി ബാധിക്കുന്നു.